English| മലയാളം

ചരിത്രം

പ്രാക് ചരിത്രം

 

ചേരമാന്‍ പെരുമാക്കന്മാരുടെ തലസ്ഥാന നഗരിയായ കൊടുങ്ങല്ലൂര്‍ പ്രാചീന ചരിത്രത്തിന്റെ പാദമുദ്രകളാല്‍ സമ്പന്നമാണ്. കൊടുങ്ങല്ലൂരിനെ നാശത്തില്‍ നിന്നും കൈപിടിച്ചു കയറ്റിയത് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരും തമ്പുരാട്ടിയുമായിരുന്നു. രണ്ടു നൂറ്റാണ്ടുകാലം അവര്‍ കൊടുങ്ങല്ലൂരിനെ ഒരു സര്‍വ്വകലാശാലയാക്കി മാറ്റി.

 

സ്ഥലനാമോല്‍പത്തി

 

കൊടുംകൊല്ലൈ ഊരാണ് കൊടുങ്ങല്ലൂര്‍ . വലിയ കൊല്ല (വലിയകോള്) വീണുണ്ടായ സ്ഥലമെന്നര്‍ത്ഥം. വെള്ളപ്പാച്ചിലില്‍ മണ്ണും എക്കലും അടിഞ്ഞുണ്ടാകുന്നതാണ് കൊല്ല. കൊടുങ്ങല്ലൂര്‍ കാവിലെ കോഴിവെട്ടിനെ അനുസ്മരിച്ചുകൊണ്ട് കൊടും കൊല്ലൂര്‍ എന്ന പേരിലും കൊടും നെല്ലൂര്‍ എന്ന പേരിലും ഈ നഗരം വിളിക്കപ്പെട്ടിരുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍ , സംഭവങ്ങള്‍

 

ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തിയ എലന്തക്കല്‍ ഗോപാലമേനോന്‍ , യു.പി.കരുണാകരമേനോന്‍ എന്നീ സ്വാതന്ത്ര്യസമര സേനാഭടന്‍മാരാണ് പിക്കറ്റിങ്ങിന് നേതൃത്വം നല്‍കിയത്. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കുയര്‍ന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ സംഭാവന. 1930-33 കാലഘട്ടത്തിലാണ് കെ.എം.ഇബ്രാഹിമിന്റെയും കൂട്ടരുടെയും നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പ്രസ്ഥാനം രൂപംകൊണ്ടത്. ശ്രീനാരായണ പ്രസ്ഥാനം വളരെ പെട്ടെന്നാണ് ഇവിടെ വേരോടി വളര്‍ന്നത്. ജാതി സമ്പ്രദായത്തിനും അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവിലാണ് ആരംഭിച്ചത്. 1941-ല്‍ കൊച്ചി പ്രജാമണ്ഡലം രൂപവല്‍ക്കരിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഉരിത്തിരിഞ്ഞു വന്നു. പി.കൃഷ്ണപിള്ളയുടെ ശ്രമഫലമായി കോട്ടപ്പുറത്ത് സംഘടിപ്പിച്ച ബീഡിതൊഴിലാളി യൂണിയനാണ് ആദ്യത്തെ തൊഴിലാളി യൂണിയന്‍ . 1947-48-ല്‍ നടന്ന പാലിയം സത്യാഗ്രഹത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നുള്ള നേതാക്കള്‍ ടി എന്‍ കുമാരനും എ.കെ.വിജയനുമായിരുന്നു. ഈ സമരത്തില്‍ എ.ജി.വേലായുധനെന്ന ട്രേഡ് യൂണിയന്‍ നേതാവ് രക്തസാക്ഷിയായി.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

 

പ്രസിദ്ധങ്ങളായ നളന്ദാ, തക്ഷശില എന്നീ വിശ്വ വിദ്യാലയങ്ങള്‍ക്ക് സമശീര്‍ഷമായി കൊടുങ്ങല്ലൂര്‍ ഗുരുകുലം വളര്‍ന്ന് ഭാരതത്തിലെമ്പാടും വിഖ്യാതമായി. ഗുരുകുലത്തിന്റെ അടിസ്ഥാന ഭാഷ സംസ്കൃതമായിരുന്നു. ഒരു ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഗോപാലകൃഷ്ണ മേനോന്‍ . 1896-ല്‍ ലോവര്‍ സെക്കന്ററിയായി ദേവസ്വം സത്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്കൂള്‍ 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഒരു പുരുഷായുസ്സുകൊണ്ട് പകര്‍ത്തി തീര്‍ക്കാന്‍ കഴിയാത്ത മഹാഭാരതം ഹ്രസ്വമായ കാലയളവില്‍ പരിഭാഷ ചെയ്ത് കേരളവ്യാസന്‍ എന്ന പേരു നേടിയ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂരിന്റെ പ്രകാശഗോപുരമാണ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ആര്‍ട്ടിസ്റ്റ് വല്‍സന്‍ നയിക്കുന്ന വല്‍സന്‍ ആര്‍ട്ട് ഈ പ്രദേശത്തെ ഏറ്റവും വലിയ കലാകായിക മത്സരമാണ്. ഒട്ടനവധി ലൈബ്രറികളും, കലാ-സാംസ്കാരിക സംഘടനകളും അടങ്ങിയതാണ് ഈ നഗരസഭ.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ലോകമലേശ്വരം കനാലിലൂടെ ജലഗതാഗതം നടന്നിരുന്നു. സാധനങ്ങള്‍ കൊണ്ടുവരാനും കൊണ്ടുപോകാനും ജലമാര്‍ഗ്ഗം ഉപയോഗിക്കുന്നു.

 

നഗരസഭ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

കൊടുങ്ങല്ലൂര്‍ നഗരസഭ രൂപം കൊള്ളുന്നത് 1978 ഒക്ടോബര്‍ ഒന്നാം തീയതിയാണ്. ആദ്യത്തെ ഭരണസമിതിയുടെ ചെയര്‍മാന്‍ വി.വി.നാരായണന്‍ വൈദ്യരായിരുന്നു.