English| മലയാളം
kodungallur

തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂര്‍. നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലാണ്‌. ചേരമാന്‍ പെരുമാള്‍മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്‌സവം എന്നിവയാല്‍ ഇന്ന് കൊടുങ്ങല്ലൂര്‍ പ്രശസ്തമാണ്. മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂര്‍ എന്നൊക്കെയായിരുന്നു പഴയ പേരുകള്‍. കോടിലിംഗപുരം എന്നും അപരനാമമുണ്ട്. കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, 629-ലാണ് നിര്‍മ്മിക്കപ്പെട്ടത്‌. ജുമാ പ്രാര്‍ത്ഥനകള്‍ നടന്ന ലോകത്തിലെ രണ്ടാമത്തെ പള്ളിയുമാണ്‌ ഇത്.